കോട്ടയം: റബര്‍ വിദേശ വില റിക്കാര്‍ഡ് കുറിച്ചാണ് ഇന്നലെ സാമ്പത്തിക വര്‍ഷം അവസാനിച്ചത്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ ഒരു കിലോ ഷീറ്റ് റബറിന് 250.78 രൂപയിലെത്തി. 2024 ഓഗസ്റ്റിലാണ് മുന്‍പ് വിദേശ വില 250 രൂപയിലെത്തിയത്.
യൂറോപ്പിലെ ഡിമാന്‍ഡ് വര്‍ധന, ചരക്കുദൗര്ലഭ്യം, ജപ്പാന് യെന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയാണു വില ഉയരാന്‍ കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതേസമയം, ആഭ്യന്തര വില വിദേശവിലയേക്കാള് 29 രൂപ കുറവില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് 221 രൂപയാണ്.
ഗ്രേഡ് അഞ്ചിന് 217 രൂപ. കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ ലഭിച്ച ശരാശരി വില 218 രൂപ. വിദേശത്ത് എട്ടു ദിവസത്തിനുള്ളില്‍ ഷീറ്റ് വിലയില്‍ 22 രൂപയുടെയും ബ്ലോക്ക് റബറിന് എട്ടു രൂപയുടെയും കയറ്റമാണുണ്ടായത്. ലാറ്റക്സ് സ്പോട്ട് വില 212 രൂപയില്‍ മാറ്റമില്ലാതെ നില്ക്കുന്നു.
കടുത്ത ചൂടു കാരണം ചെറുകിട റബര്‍ കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. നന്നായി വേനല്‍ മഴ ലഭിച്ച ശേഷം മേയ് മാസത്തില്‍ മാത്രമേ ടാപ്പിംഗ് ആരംഭിക്കുകയുള്ളൂ. പെട്രോളിയം ക്ഷാമത്തെത്തുടര്‍ന്ന് പ്ലാസ്റ്റിക്കിനും ഷേഡിനും വില കൂടുന്ന സാഹചര്യത്തില്‍ ചെറുകിടക്കാര്‍ മഴമറയിടാന്‍ താത്പര്യപ്പെടില്ല.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യവസായ മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് ആഭ്യന്തര വില വിദേശവിലയുടെ തോതില്‍ ഉയരാതിരിക്കാന്‍ കാരണം. പുതുസാമ്പത്തിക വര്‍ഷത്തിലും ആഭ്യന്തര വില വിദേശതോതില് ഉയരാനുള്ള സാഹചര്യമില്ലെന്നാണ് വിപണി സൂചനകള്‍.
ടയര്‍ ഫാക്ടറികളും ക്രംബ് ഫാക്ടറികളും ഉത്പാദനം കുറച്ചു. ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വിപണനത്തിലും കുറവുണ്ടായി. അമോണിയം ഇറക്കുമതി കുറഞ്ഞത് ലാറ്റക്സ് അധിഷ്ഠിത വ്യവസായത്തിനും ഇടിവുണ്ടാക്കി.
പെട്രോളിയം ഇറക്കുമതി കുറഞ്ഞതും വാതകം ലഭിക്കുന്നതിലെ കുറവും റബര്‍ വ്യവസായത്തിന് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ക്രംബ് ഫാക്ടറികളേറെയും അടഞ്ഞതിനാല്‍ ഒട്ടുപാലിലും വില കാര്യമായി ഉയര്‍ന്നില്ല. പുതു സാമ്പത്തിക വര്‍ഷം ടയര്‍ വില കൂടാനിരിക്കേയും കമ്പനികള്‍ ടയര്‍ ഉത്പാദനത്തില്‍ വര്‍ധനവു വരുത്തിയിട്ടില്ല. ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍നിന്ന് കാര്യമായി ഷീറ്റ് വാങ്ങി സ്റ്റോക്ക് ചെയ്യുന്നുമില്ല.
ഇന്നലെ അവസാനിച്ച സാമ്പത്തിക വര്‍ഷം റബര്‍ ഷീറ്റും ക്രംബുമായി 4.8 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. റബര്‍ ഇറക്കുമതിയില്‍ 90 ശതമാനവും ക്രംബ് റബറാണ്. ഇതിനൊപ്പം അഞ്ചു ശതമാനം തീരുവ അടച്ചും പൂര്‍ണ തീരുവ ഇളവിലും മൂന്നു ലക്ഷം ടണ്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയും നടന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസം മുന്‍പ് റബറിന് 200 രൂപയായി താങ്ങുവില ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് ഈ നിരക്കില്‍ ഒരു രൂപ പോലും സബ്സിഡി നല്‍കേണ്ടിവന്നില്ല.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ റബറിനു ലഭിച്ച ശരാശരി വില കിലോയ്ക്ക് 198 രൂപമാത്രമാണ്. ബ്ലോക്ക് റബറിന്റെ ശരാശരി വില 174 രൂപ. മുന്‍ ബജറ്റുകളില്‍ വകയിരുത്തി ലാപ്സായ തുകയുടെ പകുതി വിനിയോഗിച്ചാലും താങ്ങുവില സര്‍ക്കാരിന് 250 രൂപയായി ഉയര്‍ത്താമായിരുന്നു.